തിരുവനന്തപുരം > അന്താരാഷ്‌ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ ഒന്നിന് രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ഈ വർഷത്തെ വയോസേവന പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. നവതി സമ്മാനമായി നടൻ മധുവിന് ആയുഷ്‌കാല സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കും. ചെറുവയൽ രാമനും പുരസ്കാരം ചടങ്ങിൽ നൽകും.
വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും വിവിധ സർക്കാർ – സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വിവിധ വയോസേവന അവാർഡുകളുടെ വിതരണവും കൂടെ നടക്കും. ഈ വർഷം പത്ത് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വയോജനദിനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലും പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സര വിജയികൾക്കുള്ള സമ്മാനദാനവും മുതിർന്ന പൗരൻമാർ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളും ചടങ്ങിൽ ഉണ്ടാകും.
“മുതിർന്ന പൗരൻമാർക്ക് ഉറപ്പ് നൽകിയ മനുഷ്യവകാശം നടപ്പിലാക്കുക” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജനദിന പ്രമേയം. ഈ പ്രമേയം മുൻനിർത്തി മുതിർന്ന പൗരന്മാരുടെ അനുഭവപരിചയവും അറിവും പ്രയോജനപ്പെടുത്തുന്നതിനും അവരെ കർമ്മശേഷിയുള്ളവരായി നിലനിർത്തി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ദിനാചരണ ഭാഗമായുണ്ടാവുക- മന്ത്രി പറഞ്ഞു.