ന്യൂഡൽഹി : ഇന്ത്യയിൽനിന്നു വിദേശരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള രാജ്യാന്തര വിമാനസർവീസ് 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 27ന് പുനരാരംഭിക്കും. രാജ്യാന്തര യാത്രയ്ക്കുള്ള ആരോഗ്യമാർഗരേഖ പാലിച്ചായിരിക്കും സർവീസ്. കോവിഡ് പ്രതിസന്ധി ആരംഭിക്കുകയും ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത 2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ രാജ്യാന്തര വിമാനസർവീസ് നിർത്തിവച്ചിരിക്കുകയാണ്. അടിയന്തര യാത്രയ്ക്ക് 37 രാജ്യങ്ങളുമായി മാത്രം ധാരണയുണ്ടാക്കി (എയർ ബബിൾ) നടത്തുന്ന നിയന്ത്രിത സർവീസാണ് ഇപ്പോഴുള്ളത്.