തിരുവനന്തപുരം : ഒരാഴ്ചയില്‍ താഴെയുള്ള സന്ദര്‍ശനത്തിനായി സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്കു ക്വാറന്റീന് ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. 7 ദിവസത്തിനകം തിരികെ മടങ്ങണം. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ചു ചികിത്സ തേടുകയും വേണം. ആശുപത്രികള്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
- കോവിഡ് രോഗലക്ഷണവുമായി വരുന്നവരെ ചികിത്സിക്കാന്‍ എല്ലാ ആശുപത്രികളിലും പ്രത്യേക ഇടം സജ്ജീകരിക്കണം.
- ഒപിയിലും അത്യാഹിത വിഭാഗത്തിലും ഓരോ പ്രവേശന മാര്‍ഗം മാത്രമേ പാടുള്ളൂ.
- വിവിധ സ്പെഷ്യല്‍റ്റികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്പെഷ്യല്റ്റിക്കു കീഴില്‍ത്തന്നെ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കണം. ഓരോ വിഭാഗവും, അവരുടെ രോഗികള്‍ക്കു കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേകം കിടക്കകള്‍ നീക്കിവയ്ക്കണം. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ മാത്രം കോവിഡ് ഐസിയുവില്‍ മാറ്റണം.
- ഒപിയിലോ അത്യാഹിത വിഭാഗത്തിലോ കിടത്തിച്ചികിത്സയ്ക്കോ വരുന്ന രോഗികള്‍ക്കു കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. തുടര്‍ ചികിത്സയ്ക്കു കോവിഡ് പരിശോധന അനിവാര്യമാണെന്നു ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധന നടത്തണം.
- സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുത്.