അമൃത്സർ: പഞ്ചാബിൽ നാളെ വരെ ഇൻറർനെറ്റ് വിച്ഛേദിച്ചു. വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചു. സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചവരെ ഇൻറർനെറ്റ് വിച്ഛേദിച്ചിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ പിന്നീട് ഇത് നാളെത്തേക്ക് കൂടി നീട്ടുകയായിരുന്നു.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷം നേരിടാൻ പഞ്ചാബ് പൊലീസിനെയും അർധ സൈനിക വിഭാഗത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്.
അമൃത്പാലുമായി അടുപ്പമുള്ള 78 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്.