ന്യൂഡൽഹി: മണിപ്പൂരിൽ ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സ്റ്റാറ്റിക് ഐ.പി കണക്ഷനുള്ളവർക്കാണ് ഇന്റർനെറ്റ് സേവനം ലഭിക്കുക. രണ്ട് മാസത്തിന് ശേഷമാണ് മണിപ്പൂരിൽ ഇന്റർനെറ്റ് തിരിച്ചെത്തുന്നത്. അതേസമയം, മൊബൈൽ ഇന്റർനെറ്റിനുള്ള നിരോധനം തുടരും.സ്റ്റാറ്റിക് ഐ.പി കണക്ഷനല്ലാത്തവ ഉപഭോക്താക്കൾ ഉപയോഗിക്കുന്നില്ലന്ന് സേവനദാതാക്കൾ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. സ്റ്റാറ്റിക് ഐ.പി അഡ്രസാണ് ഉപയോഗിക്കുന്നതെങ്കിൽ ഉപഭോക്താവിന് ഇത് മാറ്റാനാവില്ല.വൈ-ഫൈ ഹോട്ട്സ്പോട്ടും അനുവദിക്കില്ല. സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലേക്കും പ്രവേശനമുണ്ടാവില്ല. ഇന്റർനെറ്റ് ലഭിക്കാനായി വി.പി.എൻ ആപുകളും ഒഴിവാക്കണം. കലാപം തുടങ്ങിയതിന് പിന്നാലെ തന്നെ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.