നേരിട്ട് മാർക്കെറ്റിൽ പോയി വാങ്ങുന്നതിനേക്കാൾ എല്ലാവർക്കും ഇന്ന് എളുപ്പം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ്. ഓൺലൈൻ ആയി വാങ്ങുകയാണെങ്കിലും മാർക്കെറ്റിൽ ചെന്ന് വാങ്ങുകയാണെങ്കിലും ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന് എന്ത് വിലയുണ്ടാകും? കൂടിപ്പോയാൽ 2000 രൂപ വരെ വന്നേക്കാം അതും ഏറ്റവും മുന്തിയതിന്.
സാധാരണക്കാർ പലപ്പോഴും 500 രൂപയ്ക്ക് താഴെ വരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകളാണ് നിത്യോപയോഗത്തിനായി വാങ്ങാറുള്ളത്. അങ്ങനെ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ് വാങ്ങാമെന്ന് കരുതി ഒരു ഉപയോക്താവ് പ്രമുഖ ഓൺലൈൻ സൈറ്റ് ആയ ആമസോണിൽ തിരഞ്ഞപ്പോൾ, ബക്കറ്റിന്റെ വില കണ്ട് ഞെട്ടി. എന്താ കാരണം എന്നല്ലേ.. ഒരു സാധാരണ പ്ലാസ്റ്റിക്ക് ബക്കറ്റിന്റെ വില 25,999 രൂപ. അതും 28 ശതമാനം കിഴിവിന് ശേഷം. ബക്കറ്റിന്റെ യഥാർത്ഥ വില 35,900 രൂപയാണ്.
ആമസോണിൽ ഈ ബക്കറ്റിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നെറ്റിസൺസ് എല്ലാവരും ബക്കറ്റിന്റെ വില കണ്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ്. “പ്ലാസ്റ്റിക് ബക്കറ്റ് ഫോർ ഹോം ആൻഡ് ബാത്ത്റൂം സെറ്റ് ഓഫ് 1” എന്നാണ് ബക്കറ്റിനു നൽകിയിരിക്കുന്ന വിവരണം. സാധാരണ ബക്കറ്റ് എന്നതിൽ കവിഞ്ഞ് യാതൊരു പ്രത്യേകതയും ഈ ബക്കറ്റിനില്ല എന്നതും വിചിത്രമായ കാര്യമാണ്. വിവേക് രാജു എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ബക്കറ്റ് വാങ്ങുന്നതിനായി ഇ എം ഐ സൗകര്യം ആമസോൺ നൽകിയിട്ടുണ്ട് എന്നത് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിക്ക് വഴി വെച്ചിട്ടുണ്ട്. ആമസോണിന് സംഭവിച്ച ഒരു സാങ്കേതിക തകരാർ ആണ് ഇതെന്നാണ് വിലയിരുത്തൽ. എന്ത് തന്നെയായാലും ഒരു ബക്കറ്റിന് 25,999 രൂപ നൽകുകയെന്നത് കടന്ന കൈ തന്നെയാണ് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.