തിരുവനന്തപുരം : കെഎസ്ആർടിസി–സ്വിഫ്റ്റ് സർവീസ് ആരംഭിച്ച ഉടനെ രണ്ട് അപകടങ്ങളിൽ ബസുകൾക്കു നാശനഷ്ടം സംഭവിച്ചതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ. അപകടങ്ങൾ ആരെങ്കിലും മനഃപൂർവം ഉണ്ടാക്കിയതാണോ അതോ വീഴ്ചയാണോ സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് അന്വേഷണം. അപകടങ്ങൾ മനഃപൂർവം ഉണ്ടാക്കിയതാണോയെന്നു സംശയം പ്രകടിപ്പിച്ച എംഡി, ഡിജിപിക്കു കത്തു നൽകാനൊരുങ്ങുകയാണ്. എംഡിയുമായുള്ള ചർച്ചയ്ക്കുശേഷം, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.
ബസ് സർവീസിനു മികച്ച പ്രതികരണം ലഭിക്കുന്ന ഘട്ടത്തിലുണ്ടായ അപകടങ്ങളാണ് അധികൃതരിൽ സംശയം ഉണർത്തുന്നത്. കെഎസ്ആർടിസി ഇത്തരം സർവീസുകൾ ആരംഭിക്കുമ്പോൾ നഷ്ടം നേരിടേണ്ടിവരുന്നത് ദൂര്‍ഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസ് കമ്പനികളാണ്. കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങുമ്പോള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം മുൻപും ചിലരിൽനിന്നുണ്ടായതിന്റെ അനുഭവത്തിലാണ് അധികൃതർ ദുരൂഹതയെന്ന വാദം ഉയർത്തുന്നത്. മുൻപ് ജൻറം ബസുകളും വോൾവോ ബസുകളും ഇറക്കിയപ്പോഴും തുടരെ അപകടങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ, ഇപ്പോഴുണ്ടായ അപകടങ്ങൾ പതിവ് അപകടങ്ങളാണെന്നും ദുരൂഹതയില്ലെന്നും അഭിപ്രായമുള്ളവരും കോർപറേഷനിലുണ്ട്. അപകടങ്ങളുണ്ടാകുമ്പോൾ, എതിരേ വന്ന വാഹനം അലക്ഷ്യമായി ഓടിച്ച് ഇടിച്ചതാണെന്ന വാദമാകും ഡ്രൈവർമാരും കണ്ടക്ടർമാരും പറയുക. പരിശോധന നടത്തുമ്പോൾ മിക്ക കേസുകളിലും കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തായിരിക്കും വീഴ്ചയെന്ന് അപകടങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടു നൽകുന്ന ഉദ്യോഗസ്ഥർ പറയുന്നു.
സ്വിഫ്റ്റ് കമ്പനിയിലെ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ പരിചയമില്ലായ്മയാണ് അപകടത്തിനിടയാക്കിയതെന്നു കെഎസ്ആർടിസിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഈ വാദങ്ങളെ കമ്പനി അധികൃതർ തള്ളി. ഈ മേഖലയിൽ മികച്ച അനുഭവ പരിചയമുള്ളവരെയാണു തിരഞ്ഞെടുത്തതെന്ന് അവർ വ്യക്തമാക്കുന്നു. സ്ഥിരം ജീവനക്കാർക്കു കരാർ ജീവനക്കാരോട് താൽപര്യമില്ലാത്തതും വിവാദങ്ങൾ വർധിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർക്കിടയിൽ അഭിപ്രായമുണ്ട്. രണ്ട് അപകടങ്ങളിലും താൽക്കാലിക ജീവനക്കാരിൽനിന്നാകും നഷ്ടപരിഹാരം ഈടാക്കുക.
കെഎസ്‌ആർടിസിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി – സ്വിഫ്റ്റ്. ദീർഘദൂര യാത്രക്കാർക്കു കൂടുതൽ സൗകര്യപ്രദമായ അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളാണു കമ്പനി നടത്തുന്നത്. യാത്രക്കാർക്കു മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിനു വേണ്ടി പുതിയ സാങ്കേതിക വിദ്യയോടു കൂടിയ സൗകര്യങ്ങൾ ബസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് സർവീസുകൾ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിലേക്കുള്ള എസി വോൾവോയുടെ നാല് സ്ലീപ്പർ സർവീസുകളും തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ഉദ്ഘാടന ദിനമായ ഇന്നലെ സർവീസ് നടത്തിയത്. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 319 ഡ്രൈവർ കം കണ്ടക്ടർമാരെയാണ് ബസുകളിൽ നിയോഗിച്ചിരിക്കുന്നത്.
ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് കമ്പനിയിലേക്കു മാറുന്നതോടെ കെഎസ്ആർടിസിയുടെ പ്രവർത്തന ചെലവിൽ ഗണ്യമായ കുറവ് വരും എന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനു കമ്പനി ഫീസ് നൽകും. സ്വിഫ്റ്റ് പത്തു വർഷത്തേക്കുള്ള താൽക്കാലിക കമ്പനിയാണ്. സ്ഥിര നിയമനങ്ങൾ കമ്പനിയിൽ ഉണ്ടാകില്ല. കെഎസ്ആർടിസി ജീവനക്കാരുടെ സേവനം ആവശ്യമാണെങ്കിൽ സ്വിഫ്റ്റിന്റെ പ്രത്യേകം സേവന വേതന വ്യവസ്ഥകൾക്കു വിധേയമായി ഉപയോഗിക്കും.
കിഫ്ബി ഫണ്ട് വഴി വാങ്ങുന്ന ബസുകൾ, പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങുന്ന ബസുകൾ, നിലവിലുള്ള ദീര്‍ഘദൂര ബസുകൾ എന്നിവ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. പ്രവർത്തന ചെലവിനും കിഫ്ബി ലോൺ തിരിച്ചടവിനും ശേഷമുള്ള മിച്ച വരുമാനം കെഎസ്ആർടിസിക്കു നൽകും. ഈ തുക കെഎസ്ആർടിസിക്കു ലോൺ തിരിച്ചടവിനും മറ്റു പദ്ധതികൾക്കും ഉപയോഗിക്കാം.