ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് ചെയ്തു. തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണമാണ് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്രിയങ്ക ആരോപിച്ചത്. യുപി സര്‍ക്കാരിനു വേറെ ജോലിയില്ലേ എന്നും പ്രിയങ്ക ചോദിച്ചിരുന്നു.
പ്രിയങ്ക പരാതി നല്കിയില്ലെങ്കിലും സ്വമേധയാ വിഷയം പരിഗണിച്ച കേന്ദ്ര ഐടി മന്ത്രാലയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. പ്രിയങ്കാഗാന്ധി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു. പ്രിയങ്കയുടെ മകന് റെയ്ഹാന് (19) ഫൊട്ടോഗ്രഫറാണ്. ഇന്‍സ്റ്റ അക്കൗണ്ടില്‍ ഫൊട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകള്‍ മിറായ (19) വിദ്യാര്‍ഥിയാണ്.
പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ യുപി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നു കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചിരുന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ ടാപ്പ് ചെയ്ത് എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ് കേള്‍ക്കുന്നുണ്ടെന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചു.