മുംബൈ : ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റാണ് രാജസ്ഥാനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 10 പോയിൻ്റാണ് ഡൽഹിക്കുള്ളത്. രണ്ട് മത്സരങ്ങൾ തുടരെ പരാജയപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരികെയെത്തിയിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്ന് പഞ്ചാബിനെ വീഴ്ത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകും. യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് ആശ്വാസമാണ്. ദേവ്ദത്ത് പടിക്കൽ നാലാം നമ്പറിൽ ഇറങ്ങുന്നത് തീർച്ചയായും രാജസ്ഥാനു ഗുണം ചെയ്യില്ല. എങ്കിലും ദേവ്ദത്ത് ടീമിൽ തുടരാനാണ് സാധ്യത.
ഫിനിഷർ റോളിൽ രാജസ്ഥാനു വേണ്ടി ഗംഭീര പ്രകടനം നടത്തിവന്ന ഷിംറോൺ ഹെട്‌മെയറുടെ അഭാവത്തിൽ റസ്സി വാൻഡർ ഡസ്സനോ ജിമ്മി നീഷമോ ടീമിലെത്തും. എങ്കിലും ഹെട്‌മെയർ ടീമിൽ ഇല്ലാത്തത് രാജസ്ഥാനു തിരിച്ചടിയാണ്. മികച്ച ഫോമിലുള്ള ബൗളിംഗ് വിഭാഗത്തിൽ മാറ്റമുണ്ടായേക്കില്ല. ഡൽഹി ക്യാപിറ്റൽസ് ആവട്ടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൂറ്റൻ പരാജയം വഴങ്ങിയാണ് എത്തുന്നത്. 91 റൺസിന് ചെന്നൈയോട് കീഴടങ്ങിയ ഡൽഹിക്ക് ടൂർണമെൻ്റിൽ നിലനിൽക്കണമെങ്കിൽ ഇന്ന് ജയം കൂടിയേ തീരൂ. പ്രത്യേകിച്ച് ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാവുന്ന ടീമല്ല ഡൽഹി. പലപ്പോഴും ചില താരങ്ങൾ നിരാശപ്പെടുത്തുന്നതോ നിർഭാഗ്യമോ ഒക്കെയാണ് അവരുടെ പ്രകടനങ്ങളെ ബാധിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമുണ്ടായേക്കില്ല. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ ആവേശജയം സ്വന്തമാക്കിയിരുന്നു. നോ വിവാദം അടക്കമുണ്ടായ മത്സരത്തിൽ 15 റൺസിനായിരുന്നു രാജസ്ഥാൻ്റെ ജയം.