തിരുവനന്തപുരം∙ എക്സൈസ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കൊല്ലം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലെ ഡ്രൈവറുടെ അക്കൗണ്ടിൽ ഗൂഗിൾ പേയിലൂടെ 4 തവണകളായി എത്തിയത് 1.10 ലക്ഷം രൂപ. ഇതെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നു വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അറിയിച്ചു. കണ്ണൂർ ഇരിട്ടി എക്സൈസ് റേഞ്ച് ഓഫിസിലെ വിശ്രമമുറിയിൽ നിന്നു 10 കുപ്പി വിദേശ മദ്യവും കാസർകോട് ബദിയടുക്ക റേഞ്ച് ഓഫിസിൽ നിന്നു കർണാടകയിൽ മാത്രം വിൽക്കുന്ന 10 കവർ മദ്യവും വിജിലൻസ് കണ്ടെത്തി. കുമ്പള റേഞ്ച് ഓഫിസിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന 6 വാഹനങ്ങളുടെ ബാറ്ററിയും വടകര എക്സൈസ് സർക്കിൾ ഓഫിസിൽ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ബാറ്ററിയും കാണാനില്ല.
ഓണക്കാലത്തോടനുബന്ധിച്ചുള്ള പരിശോധന ഒഴിവാക്കുന്നതിന് ചില കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്സൈസ് ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകുന്നതായി കണ്ടെത്തി. ലൈസൻസ് നിബന്ധനകൾക്കും പെർമിറ്റുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾക്കും ബാറുകൾക്കും ചില എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. സംസ്ഥാനത്തെ 14 എക്സൈസ് ഡിവിഷനുകളിലും 16 എക്സൈസ് സർക്കിൾ ഓഫിസുകളിലും 45 റേഞ്ച് ഓഫിസുകളിലുമാണു ബുധനാഴ്ച ഉച്ചയോടെ പരിശോധന തുടങ്ങിയത്.
കള്ളുഷാപ്പ്, ബാർ പരിശോധന നടക്കുന്നില്ല
കള്ളുഷാപ്പുകളിലും ബാറുകളിലും നിശ്ചിത ഇടവേളകളിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന ഉത്തരവ് പല സ്ഥലത്തും പാലിച്ചില്ല. ബവ്കോ ഗോഡൗണുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ബാറുകളിൽ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് പല എക്സൈസ് ഇൻസ്പെക്ടർമാരും നടപ്പിലാക്കിയില്ല. ചിറ്റൂർ , പാലക്കാട്, ഇരിങ്ങാലക്കുട റേഞ്ച് ഓഫിസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന പല ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല ബവ്കോ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം ഇറക്കുന്നതെന്നു കണ്ടെത്തി.