മാമ്പഴം വളരെ രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഡയറ്റിൽ മാമ്പഴം ഉൾപ്പെടുത്താമോ? ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചില പഴങ്ങളിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.
മാമ്പഴത്തിൽ മിതമായ ഗ്ലൈസെമിക് സൂചികയാണുള്ളത്. ദിവസവും 100 ഗ്രാം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല. ഉയർന്ന നാരുകൾ, കാൽസ്യം, പൊട്ടാസ്യം എന്നിവ മാമ്പഴത്തെ മികച്ച പഴമാക്കുന്നു.
പ്രമേഹരോഗികൾക്ക് മാമ്പഴം ചെറിയ അളവിൽ കഴിക്കാമെന്ന് വിദഗ്ധർ പറയുന്നു. മാമ്പഴത്തിൽ വലിയ അളവിൽ വിറ്റാമിൻ ഇ, കെ, ബി കോംപ്ലക്‌സ് അടങ്ങിയിട്ടുണ്ട്, കൂടാതെ കാൽസ്യം, പൊട്ടാസ്യം, കോപ്പർ എന്നിവയുൾപ്പെടെയുള്ളവയും അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴം അമിത അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതുകൊണ്ട് തന്നെ മാമ്പഴം ജ്യൂസടിച്ച് ഒരിക്കലും കഴിക്കരുത്. മാമ്പഴം പഴമായി മാത്രം കഴിക്കുക.
മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ചെറിയ അളവിൽ മാമ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രമേഹം നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് മാത്രമല്ല അതിൻ്റെ ശരിയായ സമയവും പ്രധാനമാണ്. ഭക്ഷണത്തിനിടയിൽ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.