ജറൂസലം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കാതെ ഗസ്സക്ക് വെള്ളവും വൈദ്യുതിയും നൽകില്ലെന്നും അടിസ്ഥാനവിഭവങ്ങളോ, മാനുഷികമായ മറ്റു സഹായങ്ങളോ അനുവദിക്കില്ലെന്നും ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. ഊര്‍ജമന്ത്രി ഇസ്രായേല്‍ കാട്‌സാണ് ഇക്കാര്യം അറിയിച്ചത്.
150ഓളം ഇസ്രായേലി പൗരന്മാരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നതായാണ് വിവരം. ‘ഇസ്രായേലില്‍ നിന്നുള്ള ബന്ദികള്‍ വീടുകളിൽ മടങ്ങിയെത്തുന്നതുവരെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധനട്രക്ക് പോലും ഗസ്സയിലേക്ക് പ്രവേശിക്കില്ല’ -ഇസ്രായേല്‍ കാട്‌സ് പ്രസ്താവനയിൽ അറിയിച്ചു.
ഗസ്സക്കുമേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയ ഇസ്രായേൽ, തുടർച്ചയായ ആറാം ദിവസവും ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇസ്രായേൽ വെള്ളവും വൈദ്യുതിയും ഊർജ വിതരണം നിർത്തിവെച്ചതിനാൽ ഗസ്സയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഇന്ധനമില്ലാത്തതിനാൽ ഗസ്സയിലെ ഒരേയൊരു വൈദ്യുതി നിലയം പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതോടെ ഗസ്സയിലെ ആരോഗ്യ സംവിധാനം പൂർണമായി അവതാളത്തിലായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തീവ്രപരിചരണം ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് കാര്യമായി ബാധിച്ചത്. ആംബുലൻസുകളെയും ആരോഗ്യ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതെന്ന് ഷിഫ ആശുപത്രിയിലെ ജീവനക്കാരനായ തലാൽ താഹ പറഞ്ഞു. ഹമാസിന്‍റെ റോക്കറ്റാക്രമണത്തിൽ അഞ്ചു ഇസ്രായേലികൾക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.