ജറൂസലം: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സ തേടി റഫ അതിർത്തി കടന്നു തുടങ്ങിയതിനിടെ വീണ്ടും ചർച്ചയായി ഇസ്രായേലിന്റെ ഗസ്സ കുടിയൊഴിപ്പിക്കൽ പദ്ധതി. തുരുത്തിലെ 22 ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ സീനായ് മരുഭൂമിയുടെ വടക്കൻ മേഖലയിലേക്ക് ആട്ടിപ്പായിച്ച് ഗസ്സ പൂർണമായി ജൂത കുടിയേറ്റ മേഖലയാക്കി മാറ്റലാണ് ഇസ്രായേൽ ലക്ഷ്യം.
ഒക്ടോബർ പകുതിയിൽ ഇസ്രായേൽ രഹസ്യാന്വേഷണ മന്ത്രാലയം തയാറാക്കിയ 10 പേജ് വരുന്ന റിപ്പോർട്ടിൽ ഗസ്സയിലെ ഫലസ്തീനികൾക്ക് മുന്നിൽ മൂന്ന് സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഫലസ്തീൻ അതോറിറ്റിക്ക് ഗസ്സയിലെ അധികാരം കൈമാറൽ, ഹമാസിനു പകരം ദുർബലരായ മറ്റൊരു കക്ഷിയെ വളർത്തിക്കൊണ്ടുവരൽ എന്നിവയാണ് ആദ്യ രണ്ടെണ്ണമെങ്കിലും പരമമായി ഗസ്സ പൂർണമായി ഒഴിപ്പിച്ചെടുക്കൽ മാത്രമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വംശീയ ഉന്മൂലനം നടപ്പാക്കി ബോംബ്വർഷിക്കൽ തുടരുന്നത്. ജനം കൂട്ടമായി വസിക്കുന്ന ക്യാമ്പുകൾ, ആശുപത്രികൾ എന്നിവ കൂടി ഇല്ലാതാക്കുന്നതാണ് ഒടുവിലെ ആക്രമണങ്ങൾ. മുമ്പ് 1967ലെ യുദ്ധത്തിനൊടുവിൽ ആയിരക്കണക്കിന് അഭയാർഥികൾ ഈജിപ്തിലെത്തിയിരുന്നു.
ഫലസ്തീനികൾക്കായി സീനായിൽ ഉയരുന്ന ബഫർസോണിൽ ആദ്യം തമ്പു നഗരങ്ങൾ ഉയർത്തിയും ഘട്ടംഘട്ടമായി അവ സ്ഥിരം നഗരങ്ങളായി മാറ്റിയുമാകും നാടുകടത്തലെന്ന് റിപ്പോർട്ട് പറയുന്നു. ഈജിപ്തിനും ഇസ്രായേലിനും ഭീഷണിയാകാത്ത വിധമാകണം ഇവ നിലനിൽക്കേണ്ടത്. ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പുവരുത്തണം. ഇത് നടപ്പാക്കാനായി അമേരിക്കയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള സർക്കാറുകളെ മുന്നിൽ നിർത്താനാകണം.
ആദ്യ ഘട്ടത്തിൽ ആക്രമണം വടക്കൻ ഗസ്സ കേന്ദ്രീകരിച്ചാകുമ്പോഴും തെക്കൻ മേഖലയിൽനിന്നാകണം ഒഴിപ്പിക്കൽ. രണ്ടാം ഘട്ടത്തിൽ കരയാക്രമണം നടത്തി വടക്കു മുതൽ തെക്കു വരെ പൂർണമായി ഗസ്സ പിടിച്ചെടുക്കണം. ഹമാസ് പോരാളികളുടെ തുരങ്കങ്ങളും ഒഴിപ്പിച്ചെടുക്കണം. ഇത്രയും നടക്കുന്നതിനിടെ ഗസ്സയിലെ സിവിലിയന്മാരുടെ ഒഴിപ്പിക്കൽ ആരംഭിക്കണം. ഒരിക്കൽ അതിർത്തി കടന്നവരിൽ ഒരാൾ പോലും തിരിച്ചുവരുന്ന സാഹചര്യമുണ്ടാകരുത്. ആളുകൾ കൂട്ടമായി റഫ അതിർത്തിയിലേക്ക് നീങ്ങുന്ന സാഹചര്യം നിലനിർത്താൻ യാത്രാവഴികൾ തുറന്നുതന്നെ കിടക്കണം.
ഗസ്സക്കാർ പൂർണമായി വിട്ടുപോകാൻ അവരെ പ്രോത്സാഹിപ്പിച്ച് കാമ്പയിനുകൾ നടത്താനും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇസ്രായേൽ പിടിച്ചെടുക്കുന്ന ഭൂമി ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ലെന്ന തരത്തിലാകണം പ്രചാരണം. അതിന് ഹമാസാണ് കാരണക്കാർ എന്നും വരുത്തണം. കാമ്പയിൻ വിജയിപ്പിച്ചെടുക്കാൻ പാശ്ചാത്യ ലോകത്ത് ഇസ്രായേലിന് മോശം പ്രതിച്ഛായ നൽകാത്തവിധം പ്രത്യേക പ്രചാരണങ്ങൾ സംഘടിപ്പിക്കാനും റിപ്പോർട്ട് ആവശ്യപ്പെടുന്നു. വിസമ്മതിച്ചുനിൽക്കുന്ന ഈജിപ്തിനെ പിന്തിരിപ്പിച്ച് അഭയാർഥികളെ സ്വീകരിക്കുന്നവരാക്കി മാറ്റാൻ ലോക രാജ്യങ്ങൾ പ്രേരണ നൽകി കൂടെ നിൽക്കുന്ന സാഹചര്യമുണ്ടാക്കണം. താമസമൊരുക്കാനുള്ള സഹായം നൽകി തുർക്കിയ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കണം. ഗ്രീസ്, സ്പെയിൻ, കാനഡ തുടങ്ങിയ മറ്റു രാജ്യങ്ങളും അവശേഷിക്കുന്ന അഭയാർഥികളെ സ്വീകരിക്കണം.
അതേ സമയം, ഗസ്സയിൽനിന്ന് നാടുകടത്താനുള്ള പദ്ധതി നേരത്തെ മനസ്സിലാക്കിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി അഭയാർഥികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാനുഷിക ഇടനാഴിയെന്ന ആശയം യു.എസ് അടക്കം മുന്നോട്ടുവെച്ചിട്ടും വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറായിട്ടില്ല.
ഗസ്സയിൽ ഫലസ്തീനികൾ തുടരുന്ന പക്ഷം റിപ്പോർട്ടിൽ വേറെയും നിർദേശങ്ങളുണ്ട്. അധികാരം ഹമാസിൽനിന്ന് മാറ്റി ഫലസ്തീൻ അതോറിറ്റിക്ക് കൈമാറൽ, ഹമാസിനു പകരം മറ്റൊരു കക്ഷിയെ വളർത്തിക്കൊണ്ടുവരൽ എന്നിവയാണ് മറ്റു പോംവഴികൾ.