ഗാസ: യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തിൽ നിരവധി പേർ മരിച്ചതായാണ് സൂചന. അൽ ഷിഫാ ആശുപത്രി നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയും വെസ്റ്റ് ബാങ്കും പലസ്തീന് അതോറിറ്റിക്ക് കീഴില് വീണ്ടും ഒന്നിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഗാസയും വെസ്റ്റ് ബാങ്കും പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നാണ് തന്റെ നിർദ്ദേശമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനത്തിൽ പറഞ്ഞു. ഗാസയിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്നാണ് ബൈഡൻറെ നിർദ്ദേശം.
എന്നാൽ ഗാസയുടെ ഭരണം പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിർദേശം ഇസ്രയേൽ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകൾ നിറവേറ്റുന്നതിന് കൂടുതൽ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പമ്പുകൾ, ആശുപത്രികൾ, ഷെൽട്ടറുകളിലെ വാട്ടർ പമ്പുകൾ, സഹായ ഉപകരണങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ല ഇന്ധനം പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.