ടെൽ അവീവ്: ഗാസയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേൽ. സൈനിക നടപടി പൂർത്തിയാകുമ്പോൾ ഗാസയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേൽ മന്ത്രി ഗിഡിയോൺ സാർ ആണ് വ്യക്തമാക്കിയത്. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കും. അവിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഗാസക്കെതിരെ ഇസ്രയേൽ ത്രിതല ആക്രമണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്തുമെന്നും വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേലിപ്പോൾ. ആയിരക്കണക്കിന് ഇസ്രയേൽ സൈന്യം ഗാസ അതിർത്ഥിയിൽ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുകയാണ്. അതേസമയം, ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു.
കര വഴിയുള്ള സൈനിക നടപടി ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്തു. അടുത്ത ഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. സൈനികർ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടൻ എന്ന രീതിയിൽ നെതന്യാഹു മറുപടി നൽകിയത്. ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ബെഞ്ചമിൻ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
ഞങ്ങൾ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. കരയിലൂടെ വടക്കൻ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിൻറെ സന്ദർശനമെന്നാണ് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് കൂടുതൽ സൈനിക നടപടികളിലേക്ക് ഇസ്രയേൽ കടക്കുന്നത്.












