ന്യൂയോര്‍ക്ക്: മുടി നരയ്ക്കുന്നത് പ്രായമേറുന്നതിന്റെ ലക്ഷണമാണെന്ന ചിന്ത സൂക്ഷിക്കുന്ന പലരും ഇന്നും നമുക്കിടയിലുണ്ട്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത് അനുസരിച്ച് പിഗ്മെന്റ് ഉണ്ടാക്കുന്ന കോശങ്ങളുമായി നരയ്ക്ക് വളരെയധികം ബന്ധമുണ്ട്. മുടിയ്ക്ക് പ്രായമാകുമ്പോൾ സ്റ്റെം സെല്ലുകൾ കുടുങ്ങിപ്പോകുകയും മുടിയുടെ നിറം നിലനിർത്താനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.
മെലനോസൈറ്റ് സ്റ്റെം സെല്ലുകൾ അല്ലെങ്കിൽ McSC എന്ന് വിളിക്കപ്പെടുന്ന എലികളുടെയും മനുഷ്യരുടെയും ചർമ്മത്തിലെ കോശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിൽ, ചില മൂലകോശങ്ങൾക്ക് രോമകൂപങ്ങളിലെ വളർച്ചാ അറകൾക്കിടയിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നും എന്നാൽ പ്രായമാകുമ്പോൾ അവ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് കുടുങ്ങിപ്പോകുമെന്നും പറയുന്നു.
നമ്മുടെ മുടിയുടെ നിറം നിയന്ത്രിക്കുന്നത് McSC-കൾ ആണ്. അവ പ്രവർത്തനരഹിതമാകുമെങ്കിലും തുടർച്ചയായി പെരുകിക്കൊണ്ടിരിക്കും. മുടിക്ക് നിറം നൽകുന്നതിന് മെലനോസൈറ്റ് സ്റ്റെം സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനം കുടുങ്ങി പോയ കോശങ്ങളെ ചലിപ്പിച്ച് മുടി നരക്കുന്നത് വൈകിപ്പിക്കാനുള്ള മാർഗങ്ങൾ തേടാന്‍ സഹായിക്കും.
പഠനമനുസരിച്ച് മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ പ്രവർത്തനം സമാനമായി മനുഷ്യരിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, വികസിക്കുന്ന രോമകൂപങ്ങളുടെ കമ്പാർട്ടുമെന്റുകൾക്കിടയിലൂടെ ഇടുങ്ങിയ കോശങ്ങളെ നീങ്ങാൻ സഹായിച്ചാൽ മനുഷ്യന്റെ മുടി നരയ്ക്കുന്നതിന് പരിഹാരം കണ്ടെത്താനാകുമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ റിസർച്ചർ ക്വി സൺ പറഞ്ഞു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ,ലങ്കോൺ ഹെൽത്തിലെ റൊണാൾഡ് ഒ. പെരെൽമാൻ, ഡെർമറ്റോളജി വിഭാഗത്തിലെയും സെൽ ബയോളജി വിഭാഗത്തിലെയും പ്രൊഫസറായ സ്റ്റഡി സീനിയർ ഇൻവെസ്റ്റിഗേറ്റർ മയൂമി ഇറ്റോ എന്നിവരും പഠനത്തിന്റെ ഭാഗമായിരുന്നു.