ഫ്രഞ്ച് നഗരമായ സെയ്ന്‍റ് എറ്റിയെനിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഒരു പിസാ ഷെഫിനെ അറസ്റ്റ് ചെയ്തു. ആ അറസ്റ്റ് വാര്‍ത്ത അങ്ങ് ഇറ്റലിയില്‍ ഏറെ ആശ്വാസം നിറയ്ക്കുന്ന ഒന്നായിരുന്നു. കാരണം അറസ്റ്റിലായ പിസ ഷെഫ്, തെക്കൻ ഇറ്റലിയിലെ കാലാബ്രിയയിലെ കുപ്രസിദ്ധമായ മാഫിയകളിലൊന്നായ ‘എൻഡ്രംഗെറ്റ’യിലെ (Ndrangheta) പ്രധാനികളില്‍ ഒരാളെന്നത് തന്നെ.
“അപകടകാരിയായ ഒളിച്ചോട്ടക്കാരൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഡ്ഗാർഡോ ഗ്രെക്കോ എന്ന 63 വയസുകാരനാണ് അറസ്റ്റിലായ പിസ ഷെഫ്. 17 വര്‍ഷമായി ഇയാള്‍ ഒളിവ് ജീവിതത്തിലായിരുന്നു. 1990 -കളുടെ തുടക്കത്തിൽ മാഫിയാ സംഘങ്ങളായ പിനോ സേനയും പെർന പ്രണോ സംഘവും തമ്മിലുള്ള മാഫിയ യുദ്ധത്തിന്‍റെ ഭാഗമായി എമിലിയാനോ മോസ്സിയറോയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇറ്റലിയില്‍ ഇയാള്‍ ചെയ്ത് കൂട്ടിയ കൊലപാതകങ്ങള്‍ക്കുള്ള ശിക്ഷയായി ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുമെന്ന് ഇന്‍റർപോൾ റിപ്പോര്‍ട്ട് ചെയ്തു.
1991 ജനുവരിയിൽ ഒരു മീൻ ഗോഡൗണിൽ വെച്ച് ബാർട്ടോലോമിയോ സഹോദരങ്ങളായ സ്റ്റെഫാനോയെയും ഗ്യൂസെപ്പെ ബാർട്ടലോമിയെയും ഇരുമ്പ് ദണ്ഡുകൾ കൊണ്ട് ഇയാള്‍ അടിച്ചു കൊന്നിരുന്നു. അവരുടെ മൃതദേഹം പിന്നീടൊരിക്കലും കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ ആസിഡിൽ ലയിപ്പിച്ചതായി പൊലീസ് കരുതുന്നു. കുറ്റവാളി കുടുംബങ്ങള്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിച്ചിതിനെ തുടര്‍ന്ന് മറ്റ് മാഫിയാംഗങ്ങള്‍ ഇവരെ കൊല്ലപ്പെടുത്തുകയായിരുന്നെന്ന് പെലീസ് പറയുന്നു.
2021 ജൂണില്‍ സെന്‍റ് എറ്റിയെനില്‍ ഗ്രീക്കോ കഫെ റോസിനി റസ്റ്റോറന്‍റ് എന്ന പേരില്‍ എഡ്ഗാർഡോ ഗ്രെക്കോ ഒരു റസ്റ്റോറന്‍റ് ആരംഭിച്ചു. എന്നാല്‍ സ്വന്തം പേരായി പറഞ്ഞിരുന്നത് പൗലോ ഡിമിട്രിയോ എന്നായിരുന്നു. വ്യാജ പേരില്‍ തുടങ്ങിയ റസ്റ്റോറന്‍റ് 2021 നവംബര്‍ വരെ മാത്രമേ പ്രവര്‍ത്തിച്ചിരുന്നൊള്ളൂ. പിന്നീട് ഇയാള്‍ വിവിധ റസ്റ്റോറന്‍റുകളില്‍ പിസ ഷെഫായി ജോലി ചെയ്യുകയായിരുന്നു. 195 അംഗരാജ്യങ്ങൾ തമ്മിലുള്ള പൊലീസ് സഹകരണം ഉറപ്പാക്കുന്ന ഇന്‍റർപോൾ നടത്തുന്ന കോഓപ്പറേഷൻ എഗെയ്ൻസ്റ്റ് ’എൻഡ്രംഗെറ്റ പ്രോജക്റ്റ്’ ആണ് ഗ്രീക്കോയുടെ അറസ്റ്റ് എഴുപ്പമാക്കിയത്. ഇറ്റലിയില്‍ വച്ച് ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും തനിക്ക് ഗുരുതര രോഗമാണെന്ന വ്യാജ ആശുപത്രി രേഖകള്‍ കാണിച്ച് ഇയാള്‍ തടവ് ശിക്ഷയില്‍ നിന്ന് ഇളവ് നേടുകയായിരുന്നു. പിന്നീട് ഇറ്റലിയില്‍ നിന്നും ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.
എൻഡ്രംഗെറ്റ ഇറ്റലിയിലെ ഏറ്റവും വിപുലവും ശക്തവുമായ മാഫിയ ഗ്രൂപ്പായാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും ഇവര്‍ക്ക് വേരുകളുണ്ട്. തെക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന കൊക്കെയ്ൻ വ്യാപാരവുമായി ഇവര്‍ക്ക് ശക്തമായ ബന്ധമുണ്ട്. ഇത് തന്നെയാണ് പ്രധാന വരുമാനമാര്‍ഗ്ഗവും. എൻഡ്രംഗെറ്റ സംഘത്തിന്‍റെ സവിശേഷത ആഴത്തിലുള്ള രക്തബന്ധങ്ങളാണ്. ഒരു കാലത്ത് ഈ സംഘടനയെ പ്രതിരോധിക്കാന്‍ പറ്റാതിരുന്നതും ഈ ശക്തമായ ഈ രക്തബന്ധങ്ങളായിരുന്നു. എന്നാല്‍, ബാർട്ടോലോമിയോ സഹോദരന്മാരുടെ കൊലപാതകം എൻഡ്രംഗെറ്റ സംഘത്തിന് ഒരു വഴിത്തിരിവായി. ഇതോടെ പല കാലാബ്രിയൻ മാഫിയ മേധാവികളും പൊലീസിന്‍റെ വിവരദാതാക്കളായി മാറി. പിന്നാലെ ‘എൻഡ്രംഗെറ്റ’ സംഘത്തിന്‍റെ ഡസൻ കണക്കിന് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. രക്തബന്ധങ്ങളെ ഒറ്റിക്കൊടുക്കാനും അവര്‍ക്കെതിരെ പൊലീസില്‍ സാക്ഷിപറയാനും ബന്ധുക്കള്‍ നിര്‍ബന്ധിതരായി. നിലവില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടവരുടെ സംഘമാണിത്.
ഗൂഢാലോചന, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ആയുധം കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട് എൻഡ്രംഗെറ്റയുടെ 56 സംഘാങ്ങളാണ് ഇപ്പോള്‍ തന്നെ ഇറ്റാലിയന്‍ ജയിലിലുള്ളത്. തെക്കൻ കാലാബ്രിയയിലെ ഒരു വലിയ പ്രദേശത്ത് ആധിപത്യം പുലർത്തുന്ന എൻഡ്രാംഗെറ്റയുടെ 2233 കോടി രൂപയുടെ ആസ്തികൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി ഇറ്റാലിയൻ പൊലീസ് പറഞ്ഞിരുന്നു. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് എഡ്ഗാർഡോ ഗ്രെക്കോയുടെ അറസ്റ്റ്. 30 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന സിസിലിയൻ കോസ നോസ്‌ട്ര മാഫിയയുടെ ഏറ്റവും കുപ്രസിദ്ധ തലവന്മാരില്‍ ഒരാളായ മാറ്റിയോ മെസിന ഡെനാരോയെ കഴിഞ്ഞ മാസം ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിലിയൻ തലസ്ഥാനമായ പലേർമോയിലെ ഹെൽത്ത് ക്ലിനിക്ക് സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഇയാള്‍ അറസ്റ്റിലായിത്.