അങ്ങാടിപ്പുറം: വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഗായകൻ പി. ജയചന്ദ്രൻ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഞെരളത്ത് സംഗീതോത്സവത്തോട് അനുബന്ധിച്ചുള്ള മാന്ധാദ്രി പുരസ്കാരം മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ എം.ആർ. മുരളിയിൽ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കർണാടിക് സംഗീതത്തെക്കുറിച്ചും പൊതുവേദിയിൽ ചില സംഗീതജ്ഞർ വിവരക്കേട് പറയുന്നതിന് സാക്ഷിയായ അനുഭവങ്ങളും ജയചന്ദ്രൻ വിവരിച്ചു. ഓരോ പുരസ്കാരങ്ങളും ശ്രോതാക്കൾ നൽകുന്നതാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രനടയിൽ വരാനും പ്രാർഥിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ജയചന്ദ്രൻ പറഞ്ഞു.