കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിശദീകരണം. മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാൽ മെഡിക്കൽ കോളേജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീർത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇവി ഗോപി പറഞ്ഞു.
യുവതിയുടെ ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്സുമാർ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതിൽ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന വിവാദത്തിലാണ് ഇപ്പോൾ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് വിശദീകരണം വരുന്നത്. 30 കാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. അഞ്ച് വർഷമാണ് യുവതി മൂത്ര സഞ്ചിയിൽ തറച്ച് നിന്ന മെഡിക്കൽ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്.
കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.