ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. ആദ്യ മണിക്കൂറുകളിൽ ഫലം അപ്ഡേറ്റു ചെയ്യാനുണ്ടായ വേഗം ഇപ്പോഴില്ലെന്നും, പതിയെ അപ്ഡേറ്റ് ചെയ്യാനുള്ള നിർദേശം ആരാണ് നൽകിയതെന്നും ജയറാം രമേശ് എക്സിൽ പോസ്റ്റു ചെയ്ത കുറിപ്പിൽ ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെയാണ് കമീഷനെ വിമർശിച്ച് ജയറാം രമേശ് രംഗത്തുവന്നത്. നേരത്തെ, ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും പാർലമെന്‍റിൽനിന്ന് പുറത്തു പോകാൻ മോദി തയാറായിരിക്കണമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.
എൻ.ഡി.എക്ക് വൻ വിജയം പ്രവചിച്ച എക്സിറ്റ് പോളുകൾക്കു വിരുദ്ധമായി, ഇൻഡ്യ മുന്നണി കടുത്ത വെല്ലുവിളി ഉയർത്തുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇൻഡ്യ മുന്നണി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.