തിരുവനന്തപുരം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ മന്ത്രി കെ.ടി ജലീലിന്റെ വിമർശനത്തിൽ പ്രതികരണവുമായി സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് കാനത്തിന്റെ പ്രതികരണം. ജലീൽ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും കാനം പറഞ്ഞു. ഈ വിഷയം സിപിഐ ചർച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടാണ് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അർധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശവും അധികാരവും ലോകായുക്തയ്ക്ക് ഉണ്ടെന്നും കാനം പറഞ്ഞു.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്ന നിലപാട് തന്നെയാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും സ്വീകരിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഎം പക്ഷേ സഹയാത്രികനെ പൂർണമായും തള്ളിയില്ല. ലോകായുക്ത നിയമത്തിലെ ഭേദഗതിക്ക് ജലീലിന്റെ അഭിപ്രായവുമായി ബന്ധമില്ലെന്നും നിയമത്തിൽ പഴുതുള്ളതിനാലാണ് ഭേദഗതിയെന്നുമാണ് കോടിയേരി പ്രതികരിച്ചത്.