കാസർകോട്: കാസർകോട് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടിൽ അരുൺ (30), എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികൾ.
2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു.