കോഴിക്കോട്: കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകള്‍ നിറഞ്ഞ പുഴ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാല്‍ ഇവിടെ മരണമുറപ്പാണെന്ന് മുന്‍ അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു നാട്ടുകാര്‍. ഇതിനിടെ നാട്ടുകാരും അല്ലാത്തവരുമായ നിരവധി പേരെ മരണത്തിന്റെ മുഖം കാണിച്ചിട്ടുണ്ടിവിടം. ഇതില്‍ കുട്ടികളും സഞ്ചാരികളും വിദ്യാര്‍ഥികളുമെല്ലാം പെടും. ഇവിടെയാണ് തിങ്കളാഴ്ച രാവിലെ നവദമ്പതികള്‍ ഒഴുക്കില്‍ പെടുകയും നവ വരന്‍ ചുഴിയില്‍ പെട്ട് മരിക്കുകയും ചെയ്തത്.
കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിന്‍ലാല്‍,ഭാര്യ കനിക എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാല്‍ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിന്‍ലാല്‍ ഒഴുക്കില്‍ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ചിട്ട് പോലും ജീവന്‍ രക്ഷിക്കാനായില്ല.
ആല്‍ബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആള്‍ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകര്‍ഷിക്കുന്നതാണ്. ആളുകള്‍ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാര്‍ പറയുന്നത് അനുസരിക്കാനൊന്നും ഇവിടെയെത്തുന്നവര്‍ തയ്യാറാവുകയുമില്ല. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.