ടോക്യോ: ജപ്പാനില്‍ നിലവിലുള്ള സ്വവര്‍ഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി. ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ടാണ് സ്വവര്‍ഗ്ഗ അനുരാഗികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇങ്ങനെയൊരു റൂളിംഗ് നടത്തിയത്. ജപ്പാനിലെ സ്വവര്‍ഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി ഉത്തരവ്.
സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ കോടതി റൂളിംഗ് നല്‍കിയിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി. ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്നാണ് ഒസാക്ക കോടതി നിരീക്ഷിച്ചത്.
മൂന്ന് സ്വവര്‍ഗ പങ്കാളികളാണ് ഒസാക്ക കോടതിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഭരണഘടന വിധേയമാക്കാന്‍ വാദിച്ച് ഹര്‍ജി നല്‍കിയത്. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഒപ്പം നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ കോടതി വിധിയെ വളരെ നിരാശയോടെയാണ് ഹര്‍ജിക്കാര്‍ കേട്ടത്. ഭീകരമായ വിധിയെന്നാണ് കോടതിക്ക് പുറത്ത് ഒരു ഹര്‍ജിക്കാരന്‍ പറഞ്ഞത്. അതേ സമയം അവിശ്വസനീയം എന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിധിയോട് പ്രതികരിച്ചത്.
ജപ്പാനീസ് ഭരണഘടനയില്‍ വിവാഹത്തെ നിര്‍വചിക്കുന്നതാണ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ അവിടെ ഭരണഘടന വിരുദ്ധമാകാന്‍ കാരണം. ഇത് മാറ്റാന്‍ വളരെക്കാലമായി എല്‍ജിബിടിക്യൂ കമ്യൂണിറ്റി ജപ്പാനീസ് സര്‍ക്കാറിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അടുത്തിടെ ജപ്പാനില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്ന തരത്തിലാണ് പൊതുജന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളത്.