ജപ്പാനിലെ യുവാക്കൾക്കിടയിൽ ആത്മഹത്യ ചെയ്യാനുള്ള താൽപര്യം കൂടി വരുന്നതായി കണക്കുകൾ പുറത്തുവന്നതോടെ യുവാക്കളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ജപ്പാൻകാർ. വർദ്ധിച്ചുവരുന്ന ആത്മഹത്യ ജപ്പാൻകാരുടെ പരിഹരിക്കാൻ ആകാത്ത ദീർഘകാല പ്രശ്നമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടോയ്ലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ജപ്പാനിലെ അധികാരികൾ തീരുമാനിച്ചിരിക്കുന്നത്.
ടോയ്ലറ്റ് പേപ്പറുകളിൽ ആത്മഹത്യാപ്രേരണയുള്ളവരെ ആശ്വസിപ്പിക്കുന്നതും ചേർത്തുപിടിക്കാൻ ഉതകുന്നതുമായ പിന്തുണാ സന്ദേശങ്ങൾ അച്ചടിക്കാൻ ആണ് അധികാരികളുടെ ഇപ്പോഴത്തെ തീരുമാനം. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ, എല്ലാത്തിനും പരിഹാരം ഉണ്ട്. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നിങ്ങനെയുള്ള വാചകങ്ങൾ അച്ചടിക്കാനാണ് അധികാരികൾ തീരുമാനിച്ചിരിക്കുന്നത് .
എലമെന്ററി, മിഡിൽ, ഹൈസ്കൂൾ പ്രായത്തിലുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ 2020 -ൽ 499 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടോയ്‌ലറ്റ് പേപ്പറുകളുടെ ഷീറ്റുകളിൽ ആത്മവിശ്വാസം നൽകുന്ന സന്ദേശങ്ങളും ആത്മഹത്യ-പ്രതിരോധ ഹോട്ട്‌ലൈൻ നമ്പറുകളും അച്ചടിക്കുന്നത് ദുരിതമനുഭവിക്കുന്ന യുവാക്കളെ സഹായിക്കുന്നതിനുള്ള ഫലപ്രദവും വിവേകപൂർണ്ണവുമായ മാർഗമാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
ടോയ്ലറ്റ് പോലെ തനിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇരിക്കുമ്പോഴാണ് ഇത്തരം മനോഭാവമുള്ള ആളുകളിൽ ആത്മഹത്യാപ്രേരണ കൂടുതലായി ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് അധികാരികൾ പറയുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രചരണത്തിൽ സന്ദേശങ്ങളും ഫോൺ നമ്പറുകളും അച്ചടിച്ച 6,000 റോളുകൾ ഉൾപ്പെടുന്നു, അവ കഴിഞ്ഞ മാസം 12 പ്രാദേശിക സർവകലാശാലകൾക്ക് വിതരണം ചെയ്തു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഏകാന്തത അകറ്റുന്ന ചിത്രങ്ങളും ടോയ്ലറ്റ് പേപ്പറുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ തയ്യാറാക്കുന്ന സന്ദേശങ്ങൾ ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ അതിലേറെ സന്തോഷം തങ്ങൾക്ക് വേറെ ഇല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.