തിരുവനന്തപുരം > ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയമാവശ്യപ്പെട്ട് സിബിഐ. സിബിഐയുടെ അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്താണമെന്നാശ്യപ്പെട്ടാണ് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിനകം വിശദീകരണം നടത്താൻ കോടതി സിബിഐക്ക് നിർദേശം നൽകി.
കേസ് സർക്കാർ സിബിഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ജസ്‌ന മരിച്ചുവെന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു സിബിഐ നൽകിയ അന്തിമ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മതപരിവർത്തനം നടന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ അന്തിമ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ജയിംസ് കോടതിയെ സമീപിച്ചത്.
പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുവെച്ചാണ് ജസ്‌നയെ കാണാതായതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ജയിംസിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ജസ്‌നയുക്കുണ്ടായ ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും അഞ്ച് സഹപാഠികളെക്കുറിച്ചും അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ പറയുന്നു. എൻഎസ്‌എസ് ക്യാംപുകളിൽ ജസ്‌ന എത്തിയതിനെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.