റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന 180 കേന്ദ്രങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജിദ്ദ ഗവര്‍ണറേറ്റിന്റെയും സഹകരണത്തോടെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നഗരസഭ നടത്തിയ ഫീല്‍ഡ് പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കേന്ദ്രങ്ങളാണ് പൂട്ടിച്ചത്.
പ്രവാസികള്‍ കൂട്ടമായി താമസിക്കുന്ന 934 ഗ്രൂപ്പ് ഹൗസിങ് സെന്ററുകളില്‍ പരിശോധന നടത്തിയതായി ജിദ്ദ മേയറുടെ ഉപദേഷ്‍ടാവ് എഞ്ചിനീയര്‍ മുഹമ്മദ് അല്‍ സഹ്‍റാനി പറഞ്ഞു. താമസ സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയതിനൊപ്പം നിയമലംഘനങ്ങള്‍ കണ്ടെത്തിയ കേന്ദ്രങ്ങളില്‍ അവയുടെ ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. പ്രവാസികള്‍ ഒരുമിച്ച് താമസിക്കുന്ന നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തി, വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് എഞ്ചിനീയര്‍ മുഹമ്മദ് അല്‍ സഹ്‍റാനി അറിയിച്ചു.
നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് സൗദി മുനിസിപ്പല്‍ – ഗ്രാമ – പാര്‍പ്പിടകാര്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിശോധനകള്‍. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടവര്‍ എത്രയും വേഗം പിഴയൊടുക്കണമെന്നും ലൈസന്‍സില്ലാത്ത താമസ സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ആ സ്ഥലങ്ങള്‍ ഒഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഹൗസിങ് സെന്ററുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 940 എന്ന ഏകീകൃത കംപ്ലെയിന്റ്സ് നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ജിദ്ദ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്‍തു.