ആലുവ : പച്ചക്കറിക്കൾക്ക് വില കുതിച്ചുയരുമ്പോൾ ആലുവ സ്വദേശി ജെഫി സേവ്യറിന്റെ കടയിൽ കാൻസർ രോഗികൾക്ക് വില നോക്കാതെ പച്ചക്കറി കൊണ്ടുപോകാം. കതൃക്കടവ്, വൈറ്റില, പുളിഞ്ചോട്, അത്താണി, അങ്കമാലി എന്നിവിടങ്ങളിലുള്ള തന്റെ അഞ്ച് പച്ചക്കറിക്കടകളിലും കാൻസർ രോഗികൾക്ക് ആഴ്ചയിൽ ഒരുതവണ 400 രൂപയോളം വരുന്ന പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്നുണ്ട്. സ്ഥിരമായി വരുന്നവരുടെ പേരെഴുതിയ ഒരു വലിയ ബുക്കും കടയിൽ കാണാം. അറുന്നൂറോളം രോഗികൾക്കാണ് ഇപ്പോൾ ഈ സഹായം ലഭിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് കടയടച്ച് മടങ്ങുബോൾ ചീത്തയായ പച്ചക്കറി പെറുക്കിയെടുക്കുന്ന ഒരാളെ ജെഫി കണ്ടു. വിവരങ്ങൾ തിരക്കിയപ്പോൾ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാച്ചെലവ് താങ്ങാനാവാത്ത ദുരവസ്ഥ കേട്ടു. അതിനുശേഷമാണ് കാൻസർ രോഗികൾക്ക് സൗജന്യമായി കിറ്റുകൾ കൊടുക്കാൻ തുടങ്ങിയത്. ലോക്ഡൗൺകാലത്തും ധാരാളം ആൾക്കാർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പച്ചക്കറിക്ക് തീവിലയുള്ള ഈ പുതുവർഷത്തിലും തന്റെ സേവങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയാണ് ജെഫി.