തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗൾഫിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നീണ്ട 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൻ്റെ വിധി വന്നത്. ആലംങ്കോട് കണ്ടുകുളങ്ങര വീട്ടിൽ അഷറഫി (47) ന് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയുമാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പ്രഖ്യാപിച്ചത്.ജോലി വാഗ്ദാനം നൽകി യുവതിയെ മറ്റു പ്രതികളായ ലത്തീഫ്, ഉഷ എന്നിവരുമായി ചേർന്ന് വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ബലാസംഗം ചെയ്യുകയുമായിരുന്നു. ശേഷം പെൺ വാണിഭത്തിനായി ഈ യുവതിയെ ഉപയോഗിക്കുകയും ചെയ്തു. ഈ കേസിൽ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2004 ലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയപ്പോഴാണ് കേസിൽ വിചാരണ തുടങ്ങിയത്. മറ്റു പ്രതികളായിരുന്ന ലത്തീഫ് , ഉഷ എന്നവർക്കെതിരെ വിചാരണ തൃശൂർ കോടതിയിൽ നടന്നിരുന്നു. രണ്ട് പ്രതികളും വിചാരണക്കിടയിൽ മരണപ്പെട്ടു. അതിജീവതയുടെ പരാതിപ്രകാരം കുന്നംകുളം എസ് ഐയായിരുന്ന ദിവാകരൻ നായരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. എസ് ഐയായിരുന്ന കെ പി ജോസ് വിശദമായി കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കുന്നംകുളം സി ഐ മാരായിരുന്ന അബ്‌ദുൾ കരീം, കെ കെ. രവീന്ദ്രൻ, പി സി ഹരിദാസൻ എന്നിവരും കേസ് അന്വേഷിക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.15 സാക്ഷികളും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന് ശേഷമായിരുന്നു പ്രതിക്കുള്ള ശിക്ഷ കോടതി പ്രസ്താവിച്ചത്. പ്രോസിക്യുഷനനു വേണ്ടി അഡ്വ. കെ എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, ജിജി എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രശോബും പ്രവർത്തിച്ചു.