ന്യൂഡൽഹി: വ്യാജ വിസ റാക്കറ്റ് നടത്തിയതിന് ഏഴുപേരെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ റാക്കറ്റിന്റെ സൂത്രധാരൻ ഇനാമുൽ ഹഖും ഉൾപ്പെടുന്നു. ഓഖ്‌ലയിലെ സാക്കിർ നഗറിലുള്ള ഇവരുടെ ഓഫീസിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. നിരവധി വ്യാജ കമ്പനികൾ വഴിയാണ് ഇവർ ഇടപാട് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഓൺലൈൻ ജോബ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദുബൈ ആസ്ഥാനമായുള്ള കമ്പനികളുടെ വിവരങ്ങൾ സംഘം ശേഖരിച്ച് നൂറുകണക്കിന് ആളുകളെ കബളിപ്പിക്കുകയും ആളുകളിൽ നിന്ന് 59,000 രൂപ കൺസൾട്ടേഷൻ ഫീസ് ഈടാക്കിയെന്നുമാണ് ആരോപണം. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) പദ്ധതിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച സൈബർ സംഘത്തെ ഞായറാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു.
www.DDAHOUSING.com….. എന്ന വെബ്‌സൈറ്റിൽ ഫ്‌ളാറ്റ് ബുക്കിംഗ് സംബന്ധിച്ച് ഫോറം പൂരിപ്പിച്ച ശേഷം 50,000 രൂപ നിക്ഷേപിക്കണമെന്നും അക്കൗണ്ടിലേക്ക് തുക അടയ്ക്കുകയും ഫ്ലാറ്റ് അലോട്ട്മെന്റ് സ്ഥിരീകരിക്കുന്നതിന് മുൻകൂറായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനക്കൊടുവിലാണ് പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.