തിരുവനന്തപുരം:കേരള സർവ്വകലാശാലയിലെ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. പ്രഭാഷണത്തിന്‍റെ പേരിൽ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്രിട്ടാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിൽവ്യക്തമാക്കി.. വിസിയുടെ വിലക്ക് ലംഘിച്ചുള്ള പ്രഭാഷണത്തിന്‍റെ പേരിൽ ബ്രിട്ടാസിനോട് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സംഘാടകരായ യൂണിയൻ നേതാക്കളോടും കമ്മീഷൻ വിശദീകരണം തേടിയിരുന്നു.
ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് സർവ്വകലാശാലാ രജിസ്ട്രാർ റിപ്പോർട്ട് നല്‍കിയത്.. . രാഷ്ട്രീയപ്രചാരണമായിരുന്നില്ല പരിപാടിയെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടിരുന്നു. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നിഷേധിക്കാൻ വിസി ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബ്രിട്ടാസ് വിലക്ക് ലംഘിച്ച് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു. ബിജെപി നൽകിയ പരാതി കൂടി കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി.നടത്തിയ പ്രസംഗത്തിൽ,തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാല യൂണിയനെ പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ചിരുന്നു. ചിലരുടെ ധാരണ നിയമം ലംഘിക്കാനുള്ളതാണെന്നും ഗവർണർ കുറ്റപ്പെടുത്തി.