കോഴിക്കോട് : പ്രശസ്‍ത തിരക്കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍പോള്‍ രോഗശയ്യയില്‍. രണ്ടു മാസമായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ് കുടുംബം. ഈ ആവശ്യത്തിലേക്കായി ഒരു ചികിത്സാസഹായ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍. ജോണ്‍ പോളിന്‍റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ ലഭിക്കേണ്ടത്.
സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പ്
പ്രിയപ്പെട്ടവരെ, പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ. ജോണ്‍പോള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗാതുരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. താങ്കള്‍ക്ക് അറിയുന്നതുപോലെ ഈ രണ്ട് മാസം കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബം സാമ്പത്തികമായ വലിയ പ്രതിസന്ധിയില്‍ ആണ്. പൊതുസമൂഹത്തിന്‍റെ സഹായത്തോടെയല്ലാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ജോണ്‍പോളിനുവേണ്ടി ഒരു ചികിത്സാ സഹായം സമാരംഭിച്ചിരിക്കുകയാണ്. ശ്രീ. ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. താങ്കളുടെ സമാഹരണങ്ങളും സഹായവും സാദരം അഭ്യര്‍ഥിക്കുന്നു.
Gibi N Abraham, Naduviledathu, Anchalpetty; Account Number- 67258022274, IFSC Code- SBIN0070543, State Bank Of India, Kakoor Branch എന്ന അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. 9446610002 എന്ന ഗൂഗിള്‍ പേ നമ്പരിലേക്കും സഹായങ്ങള്‍ അയക്കാവുന്നതാണ്. പ്രൊഫ. എം കെ സാനു, പ്രൊഫ, എം തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ, മനു റോയ്, സി ജി രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായാഭ്യര്‍ഥന നടത്തിയിരിക്കുന്നത്.
ഭരതന്‍റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചാമരത്തിന് തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമയിലേക്കുള്ള ജോണ്‍പോളിന്‍റെ കടന്നുവരവ്. വിട പറയും മുന്‍പേ, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ആലോലം, സന്ധ്യ മയങ്ങും നേരം, രചന, കാതോട് കാതോരം, യാത്ര, കേളി, ചമയം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് അദ്ദേഹം. ഒപ്പം അധ്യാപകനായും പ്രഭാഷകനായും വൃക്തിമുദ്ര പതിപ്പിച്ചു. അറുപതിലേറെ ചിത്രങ്ങളുടെ തിരക്കഥാരചന നിര്‍വ്വഹിച്ചു.