ദില്ലി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കില്ലെന്ന് കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ പഠനം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു, എന്നാൽ, ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെൻസസ് നടത്താൻ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ജസ്റ്റിസ് ഋഷികേശ് റോയ് ഈ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പിൻമാറ്റം.
സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്കാവസ്ഥ മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു, എന്നാൽ, ഈ നിർദ്ദേശം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം നടത്തി പട്ടിക പുതുക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകയായിരുന്നു.