കോഴിക്കോട്: സ്വാതന്ത്ര ദിനത്തിന്‍റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അതിദേശീയതയുടെ കാപട്യത്തിലൂന്ന ഇന്ത്യയെ വിഭജിക്കാന്‍ ശ്രമമെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും വിമര്‍ശനം.
ആര്‍എസ്എസ് ഇന്ത്യൻ സ്വതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല. ഓരോ കോൺഗ്രസുകാരന്‍റെയും ആത്മാവാണ് ദേശീയ പതാക. മോദി രാജ്യത്ത് എട്ട് വർഷമായി ആർക്ക് സ്വാതന്ത്ര്യം കൊടുത്തുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു. സത്യം പറഞ്ഞവരെ മോദി ഇല്ലാതാക്കി.
എതിരഭിപ്രായം പറഞ്ഞവരെ ജയിലിലാക്കി. ഇഡിയെ ഉപയോഗിച്ച് പക തീർത്തുവെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു. 365 ദിവസം ചോദ്യം ചെയ്താലും കുറ്റം ചെയ്യാത്തതിനാൽ ഭയമില്ല. എന്നാൽ ഏതെങ്കിലും ഒരു ബിജെപിക്കാർക്കെതിരെ കേസ് എടുത്തോ എന്നും അദ്ദേഹം ചോദിച്ചു. 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്‍റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വിമര്‍ശിച്ച കെ സി വേണുഗോപാൽ, ബ്രിട്ടീഷുകാരന്‍റെ മുമ്പിൽ തോൽക്കാത്ത കോൺഗ്രസ് ബിജെപിയുടെ മുന്നിൽ തോൽക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും അത് കോൺഗ്രസ് അനുവദിക്കില്ലെന്നും കെ സി വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.
കശ്മീരിനെ കുറിച്ച് കെ ടി ജലീല്‍ നടത്തിയ വിവാദ പ്രസ്താവനയോട് സിപിഎമ്മിന് എന്ത് നിലപാടാണെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. എന്ത് പറഞ്ഞാലും അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന പുതിയ ശൈലിയാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പാട് സമാനതകൾ ഉള്ള നേതാക്കളാണെന്നും രണ്ട് പേർക്കും കറുപ്പിനോട് അലർജിയാണെന്നും കെ സി വേണുഗോപാല്‍ പറിഹസിച്ചു.