കോട്ടയം : ഷൊർണൂർ-മംഗളൂരു റൂട്ടിൽ 42 ലെവൽ ക്രോസിങ്ങുകളിൽ മേൽപ്പാലം നിർമിച്ചുനൽകാമെന്ന് കെ-റെയിൽ വാഗ്ദാനം. പദ്ധതിയുടെ കൂടുതൽ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. യോഗത്തിന്റെ മിനുട്സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഈ മേൽപ്പാലങ്ങൾ പണിയും. റെയിൽവേക്ക് 1400 കോടി നേട്ടമുണ്ടാക്കുന്നതാണ് ഈ മേൽപ്പാലങ്ങളെന്ന് ചീഫ് സെക്രട്ടറി വിശദമാക്കി. സിൽവർ ലൈനിനായി റെയിൽവേ വിട്ടുതരുന്ന 975 കോടിയുടെ ഭൂമി റെയിൽവേയുടെ ഓഹരിയായി പരിഗണിക്കാമെന്നും ഉറപ്പുനൽകി. പദ്ധതി നടപ്പായാൽ ഒരേസമയം സംസ്ഥാനത്തിനും റെയിൽവേക്കും നേട്ടമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ചുമതലക്കാരും കെ-റെയിൽ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താമെന്ന് റെയിൽവേ ജനറൽ മാനേജർ വ്യക്തമാക്കി. ഡിസംബർ ആറിനു നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങൾ പദ്ധതിയുടെ സാമ്പത്തികച്ചെലവിലും യാത്രികരുടെ എണ്ണത്തിലും വിശദപഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന കണക്കുകളിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പാതയുടെ രൂപരേഖ, റെയിൽവേ ഭൂമിയുടെ ഉപയോഗം, നിലവിലുള്ള റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ റെയിൽവേ സോണുകളിലെ വിലയിരുത്തലുകൾ സഹിതം വീണ്ടും ബോർഡിനു നൽകണം. അവ ബോർഡ് വീണ്ടും പരിശോധിക്കും. സിൽവർ ലൈൻ വരുന്നതോടെ റെയിൽവേയിൽനിന്ന് അതിവേഗ വണ്ടിയിലേക്ക് യാത്രികരുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തൽ പഠിക്കേണ്ടതുണ്ടെന്നും ബോർഡ് നിർദേശിച്ചു. പദ്ധതിയിൽ റെയിൽവേയുടെ ഓഹരിമൂല്യം 2150 കോടി മാത്രമായതിനാൽ ഇത് ഇനിയും കൂട്ടണമെന്ന അഭ്യർഥന ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചു.