തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ ചെയ്യുന്ന സമരം ദില്ലിയിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കാർ മനസ്സിലാക്കണം. യുഡിഎഫിന് വേണ്ടി ഈ പദ്ധതിയുണ്ടാക്കിയ ഇ ശ്രീധരൻ ബിജെപിയുടെ കൂടെ ചേർന്ന് പദ്ധതി വേണ്ടെന്ന് പറയുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ സർവകക്ഷിയോഗം വിളിച്ച് പദ്ധതി ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിന്റെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞ കാര്യം കെ റെയിൽ അധികൃതർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. വീടിന് മുകളിലൂടെ വന്ന അലൈൻമെൻറ് മാറ്റി എന്നാണ് പറയുന്നത്. ഇതിന്റെ സർവേ നടന്ന സമയത്ത് താൻ എംഎൽഎ പോലും ആയിരുന്നില്ല. സ്വകാര്യ കമ്പനി തയ്യാറാക്കിയ മാപ്പാണ് പ്രചരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ മാപ്പും കെ റെയിൽ മാപ്പും കാണിച്ചാണ് തിരുവഞ്ചൂരിന്റെ ആരോപണം. വ്യാജ അലൈന്മെന്റാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.
സിൽവർ ലൈൻ പദ്ധതിക്കായി വീട് വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. സിൽവർലൈൻ അലൈന്മെന്റ് തന്റെ വീട്ടിലൂടെ വരാൻ ആഗ്രഹമുണ്ട്. പാലിയേറ്റീവ് കെയറിനായി വീട് വിട്ടുകൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ മാപ്പ് പറയണം. ആരോ നൽകിയ വ്യാജരേഖ വച്ചായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. ഏറെ ബഹുമാനമുള്ള നേതാവാണ് തിരുവഞ്ചൂർ. അതുകൊണ്ട് വ്യക്തിപരമായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.