തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ലഭിക്കുകയോ ചെയ്യാത്ത പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും സതീശൻ വ്യക്തമാക്കി.
ഒരു അനുമതിയും ഇല്ലാത്ത പദ്ധതിക്കു വേണ്ടി അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനാണ്. പ്രതിപക്ഷം നിയമഭസഭയിലും പുറത്തും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. കോവിഡിന്‍റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയ കൊള്ളയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. കോവിഡ് കാലത്തെ അഴിമതിയെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കായിരുന്നതാണ്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഇതുവരെ ഓരോ വിഷയങ്ങളും ഉന്നയിച്ചത്. അതില്‍ ഓരോന്നും ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.