കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെൻഷനില്‍ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും.
കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരൻ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. എന്നാല്‍, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണ്. ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
അതേസമയം, പ്രസംഗത്തിൽ കെ സുധാകരനെ പിന്തുണച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് രംഗത്തെത്തി. ആവശ്യമായ പ്രസംഗമാണ് കെ സുധാകരൻ നടത്തിയതെന്നും അതിനെ അടിവരയിട്ട് പിന്തുണക്കുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടിയെ ഒറ്റു കൊടുത്തവര്‍ക്കുള്ള മറുപടി ആണ് അത്. അതിൽ ഒരു തെറ്റുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.