തിരുവനന്തപുരം : വിജയ് ചൗക്കില്‍ കെ റെയിലിനെതിരായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാര്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയത്. എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ‘സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡല്‍ഹി പോലീസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല’. കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയില്‍. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുളഅള യുഡിഎഫ് എംപിമാര്‍ കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്. പോലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും രമ്യാ ഹരിദാസ് എംപിയെയും പോലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്റെ നടപടിക്കെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് യുഡിഎഫ് എംപിമാര്‍ പരാതി നല്‍കി. എംപിമാരോട് ചേംബറില്‍ വന്ന് തന്നെ കാണാന്‍ സ്പീക്കര്‍ അറിയിച്ചു. ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ എഴുതിനല്‍കാനും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.