പാലക്കാട് : കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച്ച. കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാഞ്ഞതോടെ പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും അന്വേഷണം പൂർത്തിയായില്ലെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. കൃത്യം നടന്ന വീട്ടിൽ നിന്ന് കിട്ടിയ അഞ്ച് വിരലടയാളം ആരുടേതെന്ന് തെളിയിക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണ സംഘം ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. 2016 നവംബർ 14 നാണ് വൃദ്ധ ദമ്പതികളായ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയേയും രാജേന്ദ്രൻ വെട്ടി കൊലപ്പെടുത്തിയത്. ഗോപാലകൃഷണൻ്റെ ശരീരത്തിൽ 80- ഉം തങ്കമണിയുടെ ശരീരത്തിൽ 40 ഉം വെട്ടുകളാണ് ഉണ്ടായിരുന്നത്. ലോക്കൽ പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടത്. തുടർന്നാണ് അഞ്ചു വർഷത്തിന് ശേഷം അയൽവാസിയായ പിടിയിലായത്.
മക്കളെല്ലാം വിദേശത്ത്, തനിച്ച് താമസം
മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു രാജേന്ദ്രന്‍ ക്രൂര കൃത്യം നടത്തിയത്. വീട്ടില്‍ നിന്നും തങ്കമണിയുടെ ആറരപ്പവന്‍ വരുന്ന സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. അഞ്ചുമാസം ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി തുടര്‍ന്നാണ് പിടിയിലായത്.
അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചാണ് അന്വേഷണം നടത്തിയത്. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്‍റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പലതവണ മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യമാണ് രാജേന്ദ്രനെ കുടുക്കിയത്.