കിളിമാനൂർ: കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ കവർച്ചയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുപ്രസിദ്ധ മോഷ്ടാവ് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പള്ളിക്കൽ പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളി ഉളിയനാട് കുളത്തൂർകോണം നന്ദുഭവനിൽ നന്ദു ബി. നായർ ആണ് (28) പിടിയിലായത്.
30നു പുലർച്ച നാലിന് മത്സ്യ മാർക്കറ്റിൽ ഓഫിസ് മുറിയിലുണ്ടായിരുന്ന 3500 രൂപ മോഷ്ടിച്ച കേസിലാണ് അന്വേഷണം നടത്തിയത്. സി.സി ടി.വി ദൃശ്യങ്ങളിൽ ഓവർകോട്ടും ഹെൽമറ്റും ധരിച്ച ചെറുപ്പക്കാരനെ സംശയാസ്പദമായി കണ്ടു. പിന്നീട് ഇയാളെ ചടയമംഗലത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 7.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മാർക്കറ്റിൽ അഞ്ച് ലക്ഷത്തോളം വില വരുമെന്നും ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുടെ ഓരോ പാക്കറ്റും 10,000 -20,000 രൂപക്കാണ് വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.
വിദ്യാർഥികൾക്കും വിറ്റിരുന്നു. പ്രതിയിൽനിന്നും മോഷണത്തിനുപയോഗിച്ച ബൈക്ക്, മാരകായുധങ്ങൾ, മോഷണ മുതൽ എന്നിവ പൊലീസ് കണ്ടെടുത്തു. നിരവധി പൊലീസ് സ്റ്റേഷനുകളിലെ പ്രതിയാണ് നന്ദു. 60ഓളം കേസുകൾ നിലവിലുണ്ട്. ചടയമംഗലത്ത് നാല് സ്കൂളുകളിലെ ഓഫിസുകളിൽനിന്ന് ലാപ്ടോപ് കവർന്നതും കല്ലമ്പലം മെഡിക്കൽ സ്റ്റോറിൽനിന്നും പണവും സിറിഞ്ചുകളും കവർന്നതും ഇയാളാണെന്ന് സമ്മതിച്ചു. ലഹരി മരുന്നുകൾക്കടിമയായ പ്രതി മയക്കുമരുന്ന് കുത്തിവെക്കുന്നതിനായാണ്സിറിഞ്ചുകൾ മോഷ്ടിച്ചത്. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ എം, സി.പി.ഒമാരായ അജീസ്, ഷമീർ, ബിനു, വിനീഷ്, സിയാസ്, എസ്.സി.പി.ഒമാരായ രാജീവ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.