തിരുവനന്തപുരം: ചട്ടം ലംഘിച്ച് പുനർനിയമനം ലഭിച്ച കണ്ണൂർ വിസിക്കെന്നെ പോലെ ഗവർണ്ണറെ കോടതിയിൽ ചോദ്യം ചെയ്ത കലാമണ്ഡലം വിസിക്ക് കിട്ടുന്നത് സർക്കാർ സംരക്ഷണം. ഗവർണ്ണർക്കെതിരായ കേസ് വിസി പിൻവലിച്ചെങ്കിലും ഗവർണ്ണർ ഉത്തരവിട്ട പിആർഒ നിയമനം ഇതുവരെ നടപ്പാക്കിയില്ല. കലാമണ്ഡലം വിസിക്ക് നൽകുന്ന പിന്തുണയിലെ അതൃപ്തിയും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണ്ണർ രേഖപ്പെടുത്തി. രാഷ്ട്രീയ പിന്തുണ ഉണ്ടെങ്കിൽ വിസിമാർക്കെന്തും ചെയ്യാമെന്നതിന്‍റെ തെളിവായിരുന്നു ചാൻസിലറുടെ അധികാരം ചോദ്യം ചെയ്ത് കലാമണ്ഡലം വിസി നൽകിയ കേസ്.
2019ൽ പബ്ളിസിറ്റി ആന്‍റ് റിസർച്ച് ഓഫീസർ ആർ ഗോപീകൃഷ്ണനെ പുറത്താക്കിയ വിസിയുടെ നടപടി ഗവർണ്ണർ റദ്ദാക്കിയത് മുതലാണ് തർക്കം. നടപടിക്രമം പാലിക്കാതെയുള്ള പുറത്താക്കൽ റദ്ദാക്കി പുനർനിയമനത്തിന് ചാൻസിലര്‍ ഉത്തരവിട്ടത് ഇക്കഴിഞ്ഞ മാർച്ചിലാണ്. പക്ഷെ പിന്നീടാണ് വിസിയുടെ അസാധാരണ നടപടി. സർവ്വകലാശാല നടപടിയിൽ ഇടപെടാൻ ഗവർണ്ണർക്ക് അധികാരമില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. കലാമണ്ഡലം ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആണെന്നും ചാൻസിലര്‍ ഗവർണ്ണർ അല്ലെന്നുമായിരുന്നു വാദം. തന്‍റെ അധികാരമെന്താണെന്ന് ചോദിച്ച് ഗവർണ്ണർ സർക്കാരിന് കത്തെഴുതി. കലാമണ്ഡലം കല്‍പ്പിത സർവ്വകലാശാലയുടേയും ചാൻസിലര്‍ ഗവർണ്ണർ തന്നെയാണെന്ന് സർക്കാർ ഗവർണ്ണറെ അറിയിച്ചു.
തീർന്നില്ല വിസിയുടെ കേസിൽ സർക്കാർ ഗവർണ്ണറോട് ക്ഷമയും ചോദിച്ചു. കേസ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും പിൻവലിച്ചത് ആറുമാസം കഴിഞ്ഞ് മാത്രം. പക്ഷെ ഇപ്പോഴും ഗവർണ്ണർ നിർദ്ദേശിച്ച നിയമനം സർവവ്വകലാശാല നടത്തിയില്ല.
പബ്ളിസിറ്റി ആന്‍റ് റിസർച്ച് ഓഫീസർ നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് എക്സിക്യൂട്ടീവ് ബോർഡാണെന്ന് പണം തിരിച്ചടയ്ക്കുന്നതമായി ബന്ധപ്പെട്ടായിരുന്നു നടപടിയെന്നും കലാമണ്ഡലം വിസി ഡോ ടികെ നാരായണൻ പറഞ്ഞു. കണ്ണൂർ വിസിയെ പോലെ കലാമണ്ഡലം വിസിയും ചാൻസിലറുടെ കടുത്ത അതൃപ്തിക്ക് കാരണമായതോടെ ഈ പ്രിയ വിസിമാർക്കെതിരെ സർക്കാർ ഇനി എന്ത് നടപടി എടുക്കും എന്നാണ് കാണേണ്ടത്.