തിരുവനന്തപുരം : കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽപ്പെട്ടവർക്കായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടു. ബാക്കി ആറ് പേരിൽ 2 പേരെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്തി. മണ്ണിന് അടിയിലായിപ്പോയ ബാക്കി 4 പേരെ രക്ഷപ്പെടുത്താൻ വൈകി. ഇവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ ജോജി അറിയിച്ചു.
നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അവശ്യപ്പെട്ടതായി ജില്ലാ കളക്ടർ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിൽ എത്തിക്കും. പോസ്റ്റ് മോർട്ടം നടത്തണോ എന്നു ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴുത്തറ്റ൦ വരെ മണ്ണ് വന്ന് നിറഞ്ഞുവെന്നും കരഞ്ഞപ്പോൾ അടുത്തുള്ളവ൪ തന്നെ പിടിച്ച് ഉയ൪ത്തിയതിനാലാണ് രക്ഷപ്പെട്ടതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മോനി മണ്ഡൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്തുള്ള കുന്ന് നികത്തിയ മണ്ണാണ് ഇവിടെ എത്തിച്ച് നികത്തിയത്. ബലമില്ലാത്ത മണ്ണിൽ ജോലിയെടുക്കുക ബുദ്ധിമുട്ടെന്ന് നേരത്തെ കോൺട്രാകറെ അറിയിച്ചിരുന്നുവെന്നും എന്നാൽ അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികൾ പറഞ്ഞു.