പാലക്കാട് : കല്‍പ്പാത്തി രഥോത്സവത്തില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവിക്ക് പരുക്കേറ്റ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ നിര്‍ദേശം. ആനപ്രേമിസംഘത്തില്‍പ്പെട്ടയാളാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. സമിതി തീരുമാനത്തില്‍ വിമര്‍ശനവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി. വ്രതമെടുത്ത ഭക്തര്‍ മനുഷ്യാധ്വാനം കൊണ്ട് വലിക്കുന്ന രഥം വളവുകളിലും മറ്റും എത്തുമ്പോഴാണ് മുന്നോട്ട് നീക്കാന്‍ ആനയുടെ സഹായം തേടുന്നത്. സമിതി തീരുമാനത്തില്‍ വ്യാപക വിമര്‍ശനമാണ് ആഗ്രഹാരവാസികളില്‍ നിന്നും ഭക്തരില്‍ നിന്നും ഉയരുന്നത്. ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിയമം മറികടന്ന് ആനയെ ഉപയോഗിച്ച് രഥം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സമിതി കര്‍ശന നിര്‍ദേശം നല്‍കിയത്.