ചെന്നൈ: സനാതനധർമ പരാമർശത്തിന്‍റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഉദയനിധി സ്റ്റാലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിന്‍റെ പേരിൽ ഒരു കുട്ടി ആക്രമിക്കപ്പെടുകയാണ് എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. പണ്ട് പല ഡി.എം.കെ നേതാക്കളും വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെപ്പോലുള്ള പല നേതാക്കൾക്കും സനാതനം എന്ന വാക്കിന്‍റെ ശരിയായ അർത്ഥം മനസിലായത് പോലും പെരിയാറിനെ പോലുള്ള നേതാക്കളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയാർ പണ്ട് ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. എന്നിട്ടും അദ്ദേഹം അതെല്ലാം വേണ്ടെന്ന് വെച്ച് ജനങ്ങളെ സേവിക്കാനായി ഇറങ്ങിയെന്നും അദ്ദേഹം ഡി.എം.കെയുടെ മാത്രം സ്വന്തമാണെന്നോ തമിഴ്നാടിന്‍റെ മാത്രമാണെന്നോ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ 2024തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.