കോഴിക്കോട്: ചെങ്ങോട്ടുകാവിൽ ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷന്‍റെ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14 ലക്ഷം ലിറ്റർ ഭൂതല ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു. ചെങ്ങോട്ടുകാവ് ചേലിയയിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്തുകളിലേക്ക് ജൽ ജീവൻ മിഷൻ പദ്ധതിയും കൊയിലാണ്ടി നഗരസഭയിലേക്ക് അമൃത് പദ്ധതിയുമാണെന്ന് കാനത്തിൽ ജമീല അറിയിച്ചു. രണ്ട് പദ്ധതികളും വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
ചെങ്ങോട്ടുകാവ് നിവാസികൾക്ക് വീടുകളിൽ വെള്ള മെത്തിക്കാൻ കാര്യാട്ട്കുന്നിൽ സ്ഥാപിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത് പെരുവണ്ണാമൂഴിയിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയിൽ നിന്നുമാണ്. ഗ്രാമപഞ്ചായത്തിലെ 6,704 വീടുകൾക്കാണ് ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെളള കണക്ഷൻ ലഭ്യമാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ടാങ്ക് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 74.97 കോടി രൂപയുടെ ഭരണാനുമതിയിൽ 38.60 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്. പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ കേടുവരുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായുള്ള തുകയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റീന എൻജിനീയർസ് ആൻഡ് കോൺട്രാക്ടിങ് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഒൻപത് മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.
പഞ്ചായത്തിൽ ആകെ സ്ഥാപിക്കുന്ന 138.96 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൂടാതെ 1147 കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പെരുവണ്ണാമുഴിയിൽ നിർമ്മിക്കുന്ന 100 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണശാലയുടെ ട്രാൻസ്മിഷൻ മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയുടെ പൂർത്തീകരണത്തോടു കൂടി ചെങ്ങോട്ടുകാവ് ഉൾപ്പെടെയുള്ള 15 പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാകും.
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ കുമാർ എ. പദ്ധതിയുടെ റിപ്പോർട്ട് അവരിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ മലയിൽ അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുമാസ്റ്റർ, പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം. കോയ, ബാലകൃഷ്ണൻ, സുഭാഷ് കെ.വി, ഷിജീഷ്, ഹംസ ഹദിയ, അസിസ്റ്റന്‍റ്, വാർഡ് മെമ്പർ അബ്‌ദുൽ ഷുക്കൂർ, എക്സിക്യൂട്ടീവ് എൻജിനീയർ ജിതേഷ് സി. തുടങ്ങിയവർ പങ്കെടുത്തു.