പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. നൂപുർ ശർമക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഫ്ഗാനിസ്താനല്ലെന്നും ഇവിടെ ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടെന്ന് ഓർമിപ്പിക്കുകയാണെന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
‘നൂപുർ ശർമക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീഷണികളാണ് എനിക്ക് കാണാനാവുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹിന്ദു ദൈവങ്ങൾ അപമാനിക്കപ്പെടുമ്പോൾ ഞങ്ങൾ കോടതിയിൽ പോകുകയാണ് ചെയ്യാറ്. ദയവായി അത് ചെയ്യൂ. ഇത് അഫ്ഗാനിസ്താനല്ല. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട, കൃത്യമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട്. അത് മറക്കുന്നവർക്ക് ഒരു ഓർമപ്പെടുത്തലാണിത്’ -കങ്കണ പ്രസ്താവനയിൽ പറഞ്ഞു.
പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ നൂപുർ ശർമയെ ചോദ്യംചെയ്യാൻ മഹാരാഷ്ട്ര പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം 22ന് ഹാജരാകാനാണ് നിർദേശം. അതേ സമയം പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫിസുകളിൽനിന്ന് തന്നെ വിളിച്ചിരുന്നുവെന്നാണ് നൂപുർ ശർമ പറഞ്ഞത്. പാർട്ടി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂർ വെളിപ്പെടുത്തി.
തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂർ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാർട്ടി പ്രാഥമിഗാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി പ്രവർത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
”ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽനിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡൽഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫിസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.”- നൂപുർ പറഞ്ഞു.