കണ്ണൂർ : പ്രകൃതിഭംഗി കൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണം കൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കാവുന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ. ഈ കുറവു പരിഹരിക്കാനായി വിനോദസഞ്ചാര ഉത്സവത്തിന് ഒരുങ്ങുകയാണ് നാട്. കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ നൽകി വിനോദസഞ്ചാര പാക്കേജുകൾ ഇതിനായി സജ്ജമാക്കാൻ ആരംഭിച്ചു. സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും വിനോദസഞ്ചാരികളെ എത്തിച്ചിരുന്ന എയർഏഷ്യ മാതൃകയിലുള്ള പാക്കേജുകളാണ് കണ്ണൂരിലും തയാറാക്കുന്നത്.
കണ്ണൂർ വിമാനത്താവള വികസനത്തിനായി നിരന്തരം ഇടപെടുന്ന കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കൂട്ടായ്മയാണ് ആശയം മുന്നോട്ടുവെച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസത്തെ ആദ്യ വിമാനത്തിൽ അബുദാബിയിലേക്ക് യാത്ര ചെയ്തവരുടെ കൂട്ടായ്മയാണ് ‘ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി’. വിനോദസഞ്ചാര മേഖലയിലെ എല്ലാ സേവനദാതാക്കളെയും ഒരു കുടക്കീഴിൽ അണിനിരത്തി പാക്കേജുകൾ തയാറാക്കുന്നതിലൂടെ മികച്ച സേവനം ഉറപ്പുനൽകാൻ കഴിയുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നത് വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും സഹായിക്കും. രാജ്യാന്തര വിമാനത്താവളം വഴിയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇതുവഴി പുതുവർഷത്തിൽ 10 ശതമാനം വർധനവുണ്ടാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുതിച്ചുചാട്ടം കൂടുതൽ വിമാന സർവീസുകൾ കണ്ണൂർ വഴി തുടങ്ങാൻ വ്യോമയാന കമ്പനികൾക്ക് പ്രോത്സാഹനമാകും. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഭാവിയിൽ പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനും സഹായകമാകുമെന്നും കരുതുന്നു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളം വഴി രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാക്കേജ് ടൂറുകൾ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.