തലശ്ശേരി : കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിയാൻ കൈകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്ഫോടനം നടന്നതായി അന്വേഷണസംഘം. വീഡിയോ ദൃശ്യത്തിൽനിന്നാണിത് വ്യക്തമായതെന്ന് അന്വേഷണസംഘം തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇളംനീലനിറത്തിലുള്ള ഡ്രസ് കോഡിലെത്തിയവരുടെ ഇടയിൽനിന്നാണ് സ്ഫോടനം നടന്നതെന്ന് ഒരു വീഡിയോയിൽനിന്ന് വ്യക്തമായി.
മറ്റൊരു വീഡിയോയിലാണ് ആംഗ്യം കാണിച്ച് മറ്റൊരാളോട് ബോംബെറിയാൻ നിർദേശിക്കുന്ന ദൃശ്യമുള്ളത്. ഒരാൾ ബോംബെറിയാൻ നിർദേശിക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും അതുകഴിഞ്ഞ് സ്ഫോടനം നടക്കുന്നതും ഇതിലുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കേസിൽ അറസ്റ്റിലായ ഏച്ചൂർ പാറക്കണ്ടി ഹൗസിൽ പി.അക്ഷയ് (24) എറിഞ്ഞ ബോംബ് കൊണ്ടാണ് ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം.ജിഷ്ണു (26) മരിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീയുൾപ്പെടെ അഞ്ചുപേർ പോലീസിന് മൊഴി നൽകി.
ഇതേത്തുടർന്ന് പോലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്യാണത്തിന്റെ തലേദിവസമായ 12-ന് രാത്രി കല്യാണവീട്ടിൽ പാട്ടുവെച്ചപ്പോൾ സൗണ്ട് ബോക്സിന്റെ കണക്ഷൻ വിച്ഛേദിച്ചത് അക്ഷയ് ആണ്. ഇതേത്തുടർന്നാണ് അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്തർക്കമുണ്ടായത്. സംഭവദിവസം അക്ഷയ് ഉൾപ്പെടെയുള്ളവർ നാടൻബോംബുമായാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രതിയും സുഹൃത്തുക്കളും തോട്ടടയിലുള്ളവരുമായി വീണ്ടും വാക്തർക്കമുണ്ടായി. അക്ഷയ് കൈയിലുണ്ടായിരുന്ന നാടൻ ബോംബ് എറിഞ്ഞപ്പോൾ മുന്നിൽ നടക്കുകയായിരുന്ന ജിഷ്ണുവിന്റെ തലയിൽവീണ് പൊട്ടിത്തെറിച്ചാണ് അപകടം.
മൃതദേഹത്തിനു സമീപമുണ്ടായിരുന്ന പൊട്ടാത്ത ബോംബ് അക്ഷയാണ് അടുത്തുള്ള കെട്ടിടത്തിന്റെ ഗേറ്റിനു സമീപം വെച്ചത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുൻപ് ഒരാളെ തടഞ്ഞുനിർത്തി മർദിച്ചിരുന്നു. മിഥുൻ എന്നയാളെ ‘ ഇവനാണെ’ ന്നു പറഞ്ഞാണ് മർദിച്ചത്. അതിനുശേഷമാണ് സ്ഫോടനം നടന്നത്. തലേദിവസം നടന്ന വിവാഹപാർട്ടിയിൽ ജിഷ്ണു ഉണ്ടായിരുന്നില്ലെന്നും പോലീസിന് വിവരം ലഭിച്ചു. തലേദിവസമുണ്ടായ വാക്തർക്കമാണ് സംഭവത്തിന് കാരണമായത്. കൃത്യത്തിൽ പങ്കാളികളായ മറ്റു പ്രതികളെ കണ്ടെത്തണം. പ്രതികൾക്ക് എക്സ്പ്ലോസീവ് ലൈസൻസ് ഉണ്ടോയെന്നറിയണം. ബന്ധപ്പെട്ട വസ്തുക്കൾ രാസപരിശോധനയ്ക്കയക്കണം. സ്ഫോടകവസ്തുവിന്റെ ഉറവിടം കണ്ടെത്തണം. അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് എടക്കാട് പോലീസ് ഇൻസ്പെക്ടർ എം.അനിൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അക്ഷയിനെ 28 വരെ കോടതി തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.