അടൂർ> ‘ബ്ലഡി കണ്ണൂർ’ എന്ന് വിളിച്ച് നാടിനെ അപമാനിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കണ്ണൂരിനെക്കുറിച്ച് എന്തറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വ്യക്തിപരമായി എന്നെ പലതരത്തിൽ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ഒരു നാടിനെയാകെ ആക്ഷേപിക്കുന്നത് ഗവർണണർക്ക് ചേർന്നാതാണോയെന്ന് പരിശോധിക്കണം. നവകേരള സദസിന്റെ ഭാഗമായി അടൂരിൽചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
കണ്ണൂരിൽ നടന്ന സമരങ്ങളെ കുറിച്ചൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസര വാദിയായ ആരിഫ് മൊഹമ്മദ് ഖാന് അറിയാമോ. ഒരു നാടിനെ ആക്ഷേപിക്കാൻ പുറപ്പെടുമ്പോൾ ആ നാടിനെ കുറിച്ച് അറിയണം. ബ്രിട്ടീഷുഷകാർക്കെതിരെ പോരാടിയ പഴശിരാജയും കേരളവർമയുമൊക്ക അദ്ദേഹം പറഞ്ഞ ബ്ലഡി കണ്ണൂരിന്റെ സന്തതികളാണ്. കേരളത്തിലെ ആദ്യത്തെ രക്തസാക്ഷികളായ അബുവും ചാത്തുക്കുട്ടിയും തലശേരിക്കാരാണ്. ബ്രിട്ടീഷുകാരുടെ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ട്‌വന്ന കെ പി ആർ ഗോപാലനെക്കുറിച്ച് ആരിഫ്‌മൊഹമ്മദ് ഖാന് അറിയുമോ? കയ്യൂർ രക്തസാക്ഷികളെ എല്ലാ ഘട്ടത്തിലും രാജ്യം സ്മരിക്കുന്നതാണ്. അതും ഗവർണർ പറഞ്ഞ ബ്ലഡി കണ്ണൂരിന്റെ ഭാഗമായിരുന്നു. മുഖ്യന്ത്രിമാരായിരുന്ന ഇ കെ നായനാർ, കെ കരുണാകരൻ, പാവങ്ങളുടെ പടത്തലവൻ എ കെ ജി, അഴീക്കോടൻ രാഘവൻ, മൊയാരത്ത് ശങ്കരൻ, സുകുമാർ അഴീക്കോട്, ഒ ചന്തുമേനോൻ തുടങ്ങിയവരെല്ലാം കണ്ണൂരിന്റെ സന്തതികളാണ്. ഈ നാടിനെയാണ് അപമാനിക്കുന്നത്.
കരിവെള്ളൂർ, കാവുമ്പായി, മുനയൻകുന്ന്, തില്ലങ്കേരി, പാടിക്കുന്ന്, പയ്യന്നൂർ, കോറോം തുടങ്ങിയ പേരുകളൊന്നും കേവലമായ സ്ഥലപേരുകളല്ല. വിശക്കുന്നവരുടെ വിശപ്പ് മാറ്റാനുള്ള ധീരോജ്വലമായ പോരാട്ടം നടന്ന സ്ഥലങ്ങളാണിതൊക്കെ. ഇതൊന്നും ആരിഫ് മൊഹമ്മദ് ഖാൻ അറിയണമെന്നില്ല. മരിച്ചുവീണവരുടെ രക്തമാണോ ആരിഫ് മൊഹമ്മദ് ഖാന് ബ്ലഡി. എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്. ഇദ്ദേഹത്തെ ഈ നിലക്ക് വിടുന്നത് ശരിയല്ലെന്ന് കേന്ദ്രം മനസ്സിലാക്കണം. ഇങ്ങനെ നില തെറ്റിയ മനുഷ്യനെ കയറൂരി വിടരുത്.
വിദ്യാർഥികളുടെ പ്രതിഷേധത്തെ തല്ലിയൊതുക്കാമെന്നാണോ കരുതുന്നത്. വിവരദോഷത്തിന് അതിരു വേണം. ഞാനിറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് ഗവർണർ പറയുന്നത്. കുട്ടികൾ അടുത്തു വന്നാൽ നിങ്ങൾ എന്തു ചെയ്യുമെന്നാണ് പറയുന്നത്. ഞാനീ സ്ഥാനത്തിരിക്കുന്നതു കൊണ്ട് ഇപ്പോൾ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.